കൽപ്പറ്റ: വയനാട്ടിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്കുള്ള 2025ലെ അവാർഡുകൾ വിതരണം ചെയ്തു.
ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും കന്നുകാലികളിലെ കൃത്രിമ ബീജാധാന പരിപാടിയുടെയും ഭാഗമായി ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ/അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ ജീവനക്കാർക്കാണ് അവാർഡ് നൽകിയത്.
ആർട്ടിഫിഷൽ ഇൻസെമിനേഷൻ ടെക്നീഷ്യൻ വിഭാഗത്തിൽ സെക്സ് സോർട്ട് ബീജമാത്രകൾ ഉൾപ്പെടെ മികച്ച രീതിയിൽ കൃത്രിമ ബീജാധാന പ്രവർത്തനങ്ങൾ നടത്തുകയും ഭാരത് പശുധൻ പോർട്ടലിൽ ഡാറ്റ രേഖപ്പെടുത്തുകയും ചെയ്ത പള്ളിക്കുന്ന് മൃഗാശുപത്രിയിലെ അസി. ഫീൽഡ് ഓഫീസർ കെ. മുഹമ്മദലി, അന്പലവയൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.സി. ദിനൂപ്, മാണ്ടാട് സബ് സെന്ററിലെ അസി. ഫീൽഡ് ഓഫീസർ എ. സലീൽ എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ അവാർഡ് നേടി.
വാക്സിനേറ്റർ വിഭാഗത്തിൽ എഡിസിപിയുടെ ഭാഗമായി നടപ്പാക്കിയ കുളന്പുരോഗ ചർമമുഴ പ്രതിരോധ കുത്തിവയ്പ് കാന്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും പശുധൻ എൻട്രി പൂർത്തിയാക്കുകയും ചെയ്ത പെരിക്കല്ലൂർ വെറ്ററിനറി സബ് സെന്ററിലെ അസി.ഫീൽഡ് ഓഫീസർ യുപി ഇബ്രാഹിം, നെയ്ക്കുപ്പ വെറ്ററിനറി സബ് സെന്ററിലെ അസി. ഫീൽഡ് ഓഫീസർ പി.കെ. ബിന്ദു എന്നിവർക്കാണ് ഒന്ന്, രണ്ട് അവാർഡ്.
മൂന്നാമത് അവാർഡ് കല്ലുവയൽ സബ് സെന്ററിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സി.ഡി. റോഷ്ന, പയ്യന്പള്ളി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജോയ്സി കെ. ജോയ് എന്നിവർ പങ്കിട്ടു. ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവച്ച പത്ത് പേർ പ്രശസ്തിപത്രത്തിന് അർഹരായി.
ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി. സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എസ്. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. ഫീൽഡ് ഓഫീസർ എം. ബൈജു, എം.സി. ധന്യ, കെ. ദിലീപ്കുമാർ, സുനിത നിഷാന്ത്, വി. നിത്യ, എ.കെ. രമേശൻ, കെ. ഐശ്വര്യ, ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. കെ.എം. സീന, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ എന്നിവർ പ്രസംഗിച്ചു.